
janayugomonline.com · Feb 16, 2026 · Collected from GDELT
Published: 20260216T190000Z
Janayugom Webdesk ജനീവFebruary 16, 2026 8:59 pm അമേരിക്കയുമായുള്ള രണ്ടാം ഘട്ട ആണവ ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ജനീവയിലെത്തി. ഒമാന്റെ മധ്യസ്ഥതയിലാണ് പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ, മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. ഇറാന്റെ ആണവ പദ്ധതികൾ, യുറേനിയം സമ്പുഷ്ടീകരണം, ഇറാനെതിരെയുള്ള ഉപരോധങ്ങൾ നീക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്. അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി, സ്വിസ് വിദേശകാര്യ മന്ത്രി എന്നിവരുമായും അരഗ്ചി കൂടിക്കാഴ്ച നടത്തും. ഈ മാസം ആദ്യം ഒമാനിലെ മസ്കറ്റിൽ നടന്ന ഒന്നാം ഘട്ട ചർച്ചകളുടെ തുടർച്ചയാണിത്. ആണവ കരാറിന് പകരം, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളും ഹിസ്ബുള്ള ഉൾപ്പെടെയുള്ള പ്രാദേശിക സായുധ സംഘങ്ങൾക്കുള്ള പിന്തുണയും അവസാനിപ്പിക്കുന്നത് കൂടി ഉൾപ്പെടുന്ന വിപുലമായ കരാറാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ മിസൈൽ ശേഖരം രാജ്യസുരക്ഷയുടെ ഭാഗമാണെന്നും ഈ വിഷയങ്ങളിൽ ചർച്ചക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്. ചർച്ചകൾ ആണവ വിഷയത്തിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ഇറാന്‍ വ്യക്തമാക്കി. മിസൈൽ പദ്ധതികളും സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണയും ഉൾപ്പെടുത്താത്ത ഒരു കരാറും അംഗീകരിക്കരുതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും മിസൈലുകളുടെ പരിധി 300 കിലോമീറ്ററിൽ താഴെയായി പരിമിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനുമായി ചർച്ചകൾ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കിൽ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അമേരിക്ക പിന്തുണയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്.